ഭുവനേശ്വർ: ഒഡീഷയിൽ വനിത ഐഎഎസ് ഓഫീസർക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ഭിന്നശേഷിക്കാരന് ഭൂമി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധന ദാസിനെതിരെയാണ് പരാതി.
കട്ടക്ക് ജില്ലയിലെ സിഡിഎ പ്രദേശത്ത് ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമൽ കുമാർ ഭാവ്സിംഗയിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഭൂമിക്കായി പരാതിക്കാരന്റെ ഭാര്യ ബീന ഭാവ്സിംഗ രണ്ട് വ്യത്യസ്ത തീയതികളിൽ ബാങ്ക് ഓഫ് ഇന്ത്യ വഴി ആരാധന ദാസിന് പണം അയച്ചിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരാധന ദാസിന്റെ അക്കൗണ്ടിൽ 95 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എന്നാൽ ആരാധന അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് വിവരം. ഇതേ തുടർന്ന് ആരാധനയ്ക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി പോലീസ് കമ്മീഷണറേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും കത്തെഴുതിയിട്ടുണ്ട്.